തമിഴ് സിനിമയിൽ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിലവില്‍ വന്നു
തമിഴ് സിനിമ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിലവില്‍ വന്നു. സംസ്ഥാനതയെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘമാണ് ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചത്. തമിഴ് സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള സ്ഥിരം കമ്മിറ്റി എന്ന നിലയിലാണ് കമ്മിറ്റി രൂപീകരിച്ചത്.
ആർക്കെതിരെ ആയാലും ആരോപണം തെളിയിക്കപ്പെട്ടാല്‍ പ്രതി നിയമനടപടികള്‍ നേരിടുന്നതിനൊപ്പം അഞ്ച് വര്‍ഷം വരെ സിനിമയില്‍ വിലക്കും നേരിടണം. ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് നടികര്‍ സംഘം ഈ കാര്യം അറിയിച്ചത്. പരാതികള്‍ അറിയിക്കാന്‍ ഇ മെയിലും ഫോണ്‍ നമ്പറും നൽകിയിട്ടുണ്ട്.
ഇതോടൊപ്പം അതിജീവിതര്‍ക്ക് നിയമസഹായവും കമ്മിറ്റി ഉറപ്പാക്കും. മലയാളം സിനിമാ മേഖലയിൽ നിന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സമാനമായ കമ്മിറ്റി കോളിവുഡിലും വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അധികം വൈകാതെ ഇത് നിലവില്‍ വരുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചിരുന്നു.