മ്യൂസിയം ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിലെ പ്രതിയും മലയന്‍കീഴ് സ്വദേശി സന്തോഷ് തന്നെയാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു


തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിലെ പ്രതിയും മലയന്‍കീഴ് സ്വദേശി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞു.
ഇയാളെ തിരിച്ചറിഞ്ഞതായി അതിക്രമം നേരിട്ട പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അടുത്ത് അക്രമം നടത്തിയപ്പോള്‍ ഇന്നര്‍ ബനിയന്‍ ആണ് ധരിച്ചിരുന്നത്.
തിരിച്ചറിയാതിരിക്കാന്‍ വേണ്ടി സന്തോഷ് മുടി പറ്റെ വെട്ടിയിരുന്നു. എന്നാല്‍ ശാരീരിക ലക്ഷണങ്ങള്‍ പ്രകാരം പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. താന്‍ സ്റ്റേഷനില്‍ കാണുമ്ബോള്‍ പ്രതി നിസംഗ ഭാവത്തിലായിരുന്നു. ബനിയന്‍, ഷൂസ് എന്നീ മെറ്റീരിയല്‍ എവിഡന്‍സ്, ഫിസിക്കല്‍ അപ്പിയറന്‍സ് എന്നിവയും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതായി പരാതിക്കാരി വ്യക്തമാക്കി.
കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. ജലഅതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. അറസ്റ്റിലായതിന് പിന്നാലെ സന്തോഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ എച്ച് ആര്‍ വിഭാഗത്തിന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി.
കരാര്‍ ജീവനക്കാരനായ സന്തോഷിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലായിരുന്നു ജോലി. റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. ഓഫീസില്‍ വളരെ നല്ല പെരുമാറ്റമായിരുന്നു സന്തോഷിന്റേത്. ജല അതോറിറ്റിയില്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് എച്ച് ആര്‍ വിഭാഗമാണെന്ന് മന്ത്രി പറഞ്ഞു.