ഡിഎംകെയുടെ ആശയം കുടുംബ വാഴ്ചയുടേത്; ഭരണം നടത്തുന്നത് കുടുംബത്തിന് ലാഭമുണ്ടാക്കാൻ: ജെപി നദ്ദ

single-img
23 September 2022

തമിഴ്നാട്ടിൽ ഭരണത്തിലുള്ള ഡിഎംകെക്ക് എതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. രാജ്യത്തെ ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിൽ ടിഎംകെയ്ക്ക് യാതൊരു താല്പര്യവുമില്ലെന്നും വിമർശനം ഉയർത്തി.

“ഡിഎംകെയുടെ ആശയത്തെത്തന്നെയാണ് അവരുടെ പ്രശ്നം. അത് കുടുംബവാഴ്ചയുടേതാണ്. അവിടെ കുടുംബവാഴ്ചയിലൂടെ പണത്തട്ടിപ്പാണ് നടക്കുന്നത്. കുടുംബത്തിന് ലാഭമുണ്ടാക്കാനാണ് അവർ ഭരണം നടത്തുന്നത്. തമിഴ്‌നാട്ടിൽ പോലീസ് സ്റ്റേഷൻ മുതൽ എല്ലായിടത്തും കാട്ടാ പഞ്ചായത്താണ് നടപ്പാവുന്നത്”. നദ്ദ ആരോപിച്ചു.

ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.സംസ്ഥാനത്തെ ജനങ്ങൾ ഈ കുടുംബപാർട്ടിയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കണം. നേതാക്കളായ എം കെ സ്റ്റാലിനും ഡിഎംകെയും കാര്യമായ സംഭാവനകളൊന്നും സംസ്ഥാനത്തിന് ചെയ്യുന്നില്ല. എം കരുണാനിധി ആയിരുന്നു ആദ്യം. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സ്റ്റാലിൻ, ഇനി സ്റ്റാലിന്റെ മകൻ ഉദയനിധി വരാനിരിക്കുന്നു.

ഡിഎംകെയിലെ മറ്റുള്ളവരെല്ലാം കയ്യടിക്കാൻ ഉള്ളവരാണ് എന്നും നദ്ദ പരിഹസിച്ചു. ഇന്ത്യയിൽ ബിജെപി മാത്രമാണ് ഏക ദേശീയപാർട്ടി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനു കീഴിൽ അത് തമിഴ്നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനും തമിഴ്നാടിന്റെ സംസ്കാരത്തിനും സാഹിത്യത്തിനും തമിഴ് ഭാഷയ്ക്കും മികവുറ്റ ഉന്നമനം സാധ്യമാക്കുന്നതിനും പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.