രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

single-img
26 January 2023

ദില്ലി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിക്കും.

പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കര്‍ത്തവ്യപഥിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും.

സംസ്ഥാനത്തും വിപുലമായ ആഘോഷം

സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും.