ദുരന്തബാധിതർക്കായി രാജ്യത്തിന് തന്നെ മാതൃകയായ ടൗണ്‍ഷിപ്പ് ഒരുക്കണം: വിഡി സതീശൻ


വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് ഒന്നിച്ച് ഇറങ്ങണമെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഈ കാര്യത്തിൽ നമ്മുടെ മുന്നില്‍ രാഷ്ട്രീയ പരിഗണനകളൊന്നുമില്ല. വേദന അനുഭവിക്കുന്ന സാധാരണക്കാരായവരുടെ മുഖം മാത്രമാണ് നമ്മുടെ മുന്നിലുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.
വളരെ വലിയ ദുരന്തമാണിത്. ഇത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കണം. അതോടൊപ്പം ദുരന്തത്തില്‍പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്തെല്ലാം ചെയ്യാമെന്ന് ആലോചിക്കണം.
അത്പോലെ തന്നെ ,കാണാതായവരെ കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. രണ്ടാമത്തെ കാര്യം ക്യാമ്പുകളില്‍ ദീര്‍ഘകാലം കഴിയാനാകില്ല. വല്ലാത്ത ആഘാതത്തില്‍ കഴിയുന്നവരാണ് അവര്‍. അവര്‍ക്കാവശ്യമായ കൗണ്‍സിലിങ് ഇപ്പോള്‍ കൊടുക്കുന്നുണ്ട്. ആരോഗ്യപരമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കണം. അതിനേക്കാള്‍ പ്രധാനം പുനരധിവാസമാണ്. ദുരന്ത സ്ഥലത്തേക്ക് വീണ്ടും അവരെ തിരിച്ചയക്കരുത്. വെറെ സ്ഥലം കണ്ടെത്തി അവിടെ അവര്‍ക്ക് ഒരു ടൗണ്‍ഷിപ്പ് നിര്‍മിച്ചുനല്‍കണം. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം.
വീട് ഉണ്ടാക്കി നല്‍കിയാല്‍ മാത്രം പോര. പല കുടുംബങ്ങളുടെ ആശ്രയമായിരുന്ന അംഗങ്ങള്‍ വിട്ടുപോയി. തൊഴില്‍ നല്‍കണം. അവര്‍ക്ക് വരുമാന മാര്‍ഗം ഉണ്ടാക്കണം. ഏറ്റവും കൃത്യമായ പുനരധിവാസം നടപ്പാക്കണം. രാജ്യത്തിന് തന്നെ മാതൃകയായ ടൗണ്‍ഷിപ്പ് ഒരുക്കണം. കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന 100 വീടുകള്‍ അത്തരത്തില്‍ നിര്‍മിച്ച് നല്‍കാനാണ് ആലോചിക്കുന്നത്. നഷ്ടമായ ഭൂമിക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കണം. ജീവിതസാഹചര്യം അവര്‍ക്ക് ഒരുക്കി നല്‍കണം.
ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. കാലാവസ്ഥ വ്യതിയാനം മൂലം കേരളം അപകടത്തിലാണ്. ഏതുസമയത്തും മേഘവിസ്ഫോടനം ഉണ്ടാകാം. ഏതുസമയത്തും അപകടകരമായ മഴ പെയ്യാം. ഏതുസമയത്തും വേലിയേറ്റം ഉണ്ടാകാം. ഇതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍നിന്ന് ഉള്‍പ്പടെ ആളുകളെ മാറ്റിപാര്‍പ്പിക്കണം. പുനരധിവാസം നടക്കുന്നതിനൊപ്പം തന്നെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണം. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വിഡി സതീശൻ പറഞ്ഞു.