സിദ്ധിഖ് കാപ്പന്‍ ഇഡി കേസില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

single-img
19 September 2022

ലക്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ ഇഡി കേസില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ലക്‌നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാപ്പനെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ യുഎപിഎ ചുമത്തി യുപി സര്‍ക്കാര്‍ എടുത്ത കേസില്‍ സിദ്ധിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കേസിലെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാത്തതിനാല്‍ ജയില്‍മോചനം നീളുകയായിരുന്നു.

ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ് രസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് സിദ്ധിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാത്രയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

കേസില്‍ മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തം എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.