പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

single-img
24 September 2022

കൊച്ചി: സംസ്ഥാനത്ത് നിന്ന് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച്‌ പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എന്‍ഐഎയുടെ നിലപാട്.

വിവിധ മതവിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച്‌ സമൂഹത്തില്‍ രക്തച്ചൊരിച്ചല്‍ ഉണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ആദ്യം 10 പ്രതികളുടെ കസ്റ്റഡി അപേക്ഷയായിരുന്നു നല്‍കിയിരുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത സി ടി സുലൈമാന്റെ കസ്റ്റഡി അപേക്ഷയും പുതുതായി കോടതിക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന വിവരങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്‍റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അവകാശപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ നടത്തിയ രാജ്യവ്യാപക ഓപ്പറേഷനില്‍ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയില്‍ എത്തിച്ച നേതാക്കളെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഡിജി ദിന്‍കര്‍ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു എന്‍ഐഎ ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകള്‍ വഴി പിഎഫ്‌ഐ പണം ശേഖരിച്ചതിന്‍റെ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. കൊലപാതകങ്ങളില്‍ എന്‍ഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ചിലര്‍ ഭീകരസംഘടനകളുമായി സമ്ബര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്‍കുന്നു എന്ന സൂചനയും ഈ അന്വേഷണത്തില്‍ കിട്ടിയതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. റെയ്ഡില്‍ ജിപിഎസ് സംവിധാനവും വയര്‍ലസ് സെറ്റുകളും പിടിച്ചെടുത്തു. കടല്‍യാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.