50 മണിക്കൂർ കടന്ന രക്ഷാ പ്രവർത്തനം; ഒടുവിൽ കിണറ്റിൽ അകപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതശരീരം പുറത്തെടുത്തു
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് കിണറ്റിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് അകപ്പെട്ട തമിഴ്‌നാട് സ്വദേശി മഹാരാജൻ്റെ മൃതശരീരം പുറത്തെടുത്തു. 50 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മഹാരാജനെ കണ്ടെത്താനായത്. കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. എൻ ഡി ആർ എഫും കിണർ നിർമ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളുമാണ് ദൗത്യത്തിൽ പങ്കാളികളായത്.
കിണറിലെ പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തിൽപ്പെട്ടത്. കിണറിന് വ്യാസം വളരെ കുറഞ്ഞതും ആഴക്കൂടുതലും ആയതിനാൽ യന്ത്രസഹായം തേടുന്നതിനും പരിമിതികളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിദഗ്ധർ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.
മുക്കോലയിലെ സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ താമസിക്കുന്ന സുകുമാരന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജനോടൊപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠന്‍ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ വർഷം ഉണ്ടായ മഴയില്‍ കിണറിലെ റിങ്ങുകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. അതിനാലാണി ഇവ മാറ്റി പുതിയവ സ്ഥാപിക്കാനായി മഹാരാജന്‍ ഉള്‍പ്പെട്ട സംഘം എത്തിയത്.