അലക്ഷ്യമായി ബൈക്ക് വെട്ടിച്ചതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രിക മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കും
കൊച്ചി: അലക്ഷ്യമായി ബൈക്ക് വെട്ടിച്ചതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രിക ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വിഷ്ണുവിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കിയേക്കും.
ഇതുസംബന്ധിച്ച നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്നാണ് സൂചന. വിഷ്ണുവിന്റെ ബൈക്കിടിച്ച് രണ്ടുവര്‍ഷം മുമ്ബ് ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് ഒരു സൈക്കിള്‍ യാത്രികന്‍ മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തൃപ്പൂണിത്തുറയിലെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബൈക്ക് ഓടിച്ച കാഞ്ഞിരമറ്റം ആമ്ബല്ലൂര്‍ കൊല്ലംപറമ്ബില്‍ കെ എന്‍ വിഷ്ണു (29), ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം ആമ്ബല്ലൂര്‍ മുതലക്കുഴിയില്‍ സുജിത്ത് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉദയംപേരൂര്‍ എസ്‌എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സിദ്ധാര്‍ഥം വീട്ടില്‍ സുബിന്റെ ഭാര്യ കാവ്യ(26)യാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്.
ഇന്നലെ രാവിലെ 8.30ന് എസ്‌എന്‍ ജംക്‌ഷനു സമീപമുള്ള അലയന്‍സ് ജംക്‌ഷനിലായിരുന്നു അപകടം. കാവ്യയുടെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ ഇന്ന് സംസ്കാരം നടക്കും. അപകടമുണ്ടായതറിഞ്ഞിട്ടും വണ്ടി നിര്‍ത്താതെ ബൈക്ക് യാത്രികന്‍ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
സ്‌കൂട്ടറിന്റെ ഇടതുവശത്തുകൂടി വന്ന് സ്‌കൂട്ടറിനെ മറികടന്ന് പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ ബൈക്കില്‍ തട്ടി വീണാണ് സ്‌കൂട്ടര്‍ യാത്രികയായ കാവ്യയുടെ ദാരുണാന്ത്യം. ബൈക്കില്‍ തട്ടി ഇടതുവശത്തേക്കു വീണ യുവതിയുടെ ദേഹത്ത് തൊട്ടുപിറകെ വന്ന സ്വകാര്യ ബസ് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ സ്കൂട്ടറിന്റെ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രികന്‍ വിഷ്ണു അലക്ഷ്യമായി യു ടേണ്‍ എടുത്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.