തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണകരമാകും; ഇപ്പോൾ വേറെ ഒന്നും പറയാനില്ല; ശശി തരൂർ

single-img
28 October 2022

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ശശി തരൂര്‍ എംപി. മത്സരരംഗത്തിറങ്ങുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം തരൂര്‍ നല്‍കിയില്ല.

അതേക്കുറിച്ച്‌ ഇപ്പോള്‍ വേറൊന്നും പറയാനില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. മഹത്തായ പാരമ്ബര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു കുടംബത്തിന് മാത്രമേ നയിക്കാനാകൂ എന്ന തരത്തില്‍ വിശ്വാസത്തെ പരിമിതപ്പെടുത്തരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്ന് നേരത്തെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ സൂചിപ്പിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കും പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് ആവശ്യമായ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാകുമെന്ന് ശശി തരൂര്‍ പറഞ്ഞു. എഐസിസി, പിസിസി പ്രതിനിധികളില്‍ നിന്നുള്ള അംഗങ്ങളെ പാര്‍ട്ടിയെ ഈ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് നയിക്കാന്‍ അനുവദിക്കുന്നത്, വരുന്ന നേതാക്കളെ നിയമാനുസൃതമാക്കാനും അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനുള്ള വിശ്വസനീയമായ അധികാരം നല്‍കാനും സഹായിക്കുമായിരുന്നുവെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. സംഘടനാ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് 2020ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി-23 സംഘത്തില്‍ ശശി തരൂരും ഉള്‍പ്പെടുന്നു.