മകളെ കോച്ചിങ് സെന്ററില്‍ കൊണ്ടുവിടാനെത്തിയ കര്‍ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു


ജയ്പൂര്‍: ഗുണ്ടകള്‍ തമ്മിലുള്ള ഗ്യാങ് വാറില്‍ മകളെ കോച്ചിങ് സെന്ററില്‍ കൊണ്ടുവിടാനെത്തിയ കര്‍ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.
രാജസ്ഥാനിലെ സിക്കാറില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. താരാചന്ദ് കദ്വാസര എന്നയാളാണ് മകളുടെ മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ച പിതാവിന്റെ മൃതദേഹത്തിന്റെ തോളില്‍ ചാരി കരയുന്ന മകളായ പതിനാറുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ഗുണ്ടാസംഘം നേതാവ് രാജു തേത്ത് എന്നയാളാണ് ഇയാളെ വെടിവെച്ച് കൊന്നത്. താരാചന്ദിന്റെ കാറിന്റെ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെ തടഞ്ഞപ്പോള്‍ വെടിവെക്കുകയായിരുന്നു. എതിരാളികള്‍ രാജു തേത്തിനെയും കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മകള്‍ കൊനിതയെ കോച്ചിംഗ് സെന്ററില്‍ ചേര്‍ക്കാനാണ് താരാചന്ദ് എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും താരാചന്ദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു