ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു


തൃശൂർ: തൃശൂർ–വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ഓട്ടോ ഡ്രൈവർ പടിയൂർ ചളിങ്ങാട് വീട്ടിൽ സുകുമാരന്റെ മകൻ ജിത്തു (38), മകൻ അദ്രിനാഥ് (2) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു (35), നീതുവിന്റെ പിതാവ് തളിക്കുളം പടിഞ്ഞാറ് യത്തീംഖാനക്ക് സമീപം ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. രോഗിയുമായി തൃശൂരിലേക്ക് പോയിരുന്ന പുത്തൻപീടിക പാദുവ ആശുപത്രിയുടെ ആംബുലൻസും തൃശൂർ ഭാഗത്തു നിന്നും ദിശതെറ്റി വന്നിരുന്ന ഓട്ടോ ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേർക്കു നേരേയാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. ജിത്തു ഓട്ടോയിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുന്നതും കാമറയിൽ കാണാം. ജിത്തു തല തകർന്ന് തൽക്ഷണം മരിച്ചു. ആംബുലൻസിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ കുടുങ്ങിയവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും നീതുവിനേയും കണ്ണനേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണി ഓടെ കുഞ്ഞ് മരിച്ചു. ഒളരിയിലെ ആശുപത്രിയിൽ കുട്ടിയെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്നു കുടുംബം. ഓട്ടോയിൽ ഡ്രൈവറടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. ആംബുലൻസ് ഡ്രൈവറും കൊണ്ടുപോയിരുന്ന രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അന്തിക്കാട് പൊലീസും തൃശൂരിൽ നിന്നുള്ള ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.