ജനാധിപത്യത്തിന്‍റെ ഭാവി അപകടത്തിൽ; പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നു: മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങളില്‍ കേന്ദ്രം അനാവശ്യമായി കൈകടത്തുന്നുവെന്നും ജനാധിപത്യത്തിന്‍റെ ഭാവി അപകടത്തിലാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് നടന്ന എല്‍ഡിഎഫ് പൗരസംരക്ഷണ സദസ്സില്‍ സംസാരിക്കവേ പറഞ്ഞു.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കൈകാര്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്‍റെ അറസ്റ്റില്‍ രാജ്യവ്യാപകമായി അപലപിച്ചെങ്കിലും ഇതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര നടപടി അവസാനിക്കില്ല. ഇത് തുടക്കമാണോ അവസാനമാണോ എന്ന് പറയാനാകില്ല.
സാധാരണക്കാരായ ജനങ്ങളെ കുറിച്ചല്ല ഭരണാധികാരികൾ ചിന്തിക്കുന്നതെന്നും കേന്ദ്രത്തെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടപെടല്‍ നടത്തുകയാണ്. പ്രതിഷേധം ഒന്നും വക വെയ്ക്കില്ല എന്ന നിലപാടാണ് ഭരണാധികാരിക്കെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ നിയമത്തിനെതിരായ കേരളാ നിയമസഭാ പ്രമേയത്തെ കെ പി സി സി അധ്യക്ഷൻ പരിഹസിച്ചു. പ്രമേയത്തെ ആക്ഷേപിച്ചു. ചരിത്ര നിഷേധം നടത്തി. വിഷയത്തിൽ യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് പറഞ്ഞതിൽ തക്കതായ കാരണമുണ്ട്. കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വത്തിൽ നിന്ന് നിർദ്ദേശം വന്നിട്ടുണ്ടാകാം.
സാധാരണ രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ അങ്ങനെ അനുമാനിക്കുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി എടുക്കുന്നു.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഏക എംപിയാണെങ്കിലും ആരിഫിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നു. കോൺഗ്രസ് എംപിമാർ സാങ്കേതികമായി പ്രതികരിച്ച് മൂലയിൽ ഒളിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം , ഹിറ്റ്ലറിന് സമാനമായ ഒരു വ്യക്തി ഇന്ത്യയിൽ ഉണ്ടെന്നും ഹിറ്റ്ലർ എവിടെപ്പോയാലും ക്യാമറ സംഘത്തെ കൊണ്ട് നടന്നിരുന്നുവെന്നും സമാനമായ രീതിയിലാണ് ഇന്ത്യയിലെ പ്രമുഖ നേതാവ് നടക്കുന്നതെന്നും പരിപാടിയിൽ സംസാരിച്ച മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഒരു ഫോട്ടോ എടുക്കുമ്പോൾ സുരക്ഷാ സേന പോലും ഒപ്പം ഉണ്ടാവില്ല. നേതാവ് ആരെണെന്ന് ചിന്തിച്ചാൽ മനസിലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.