അമേഠി, റായ്ബറേലി, പ്രയാഗ്‌രാജ്; ഗാന്ധി കുടുംബം തന്നെ യുപിയിലെ പരമ്പരാഗത സീറ്റുകളില്‍ മത്സരിക്കും
അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ പരമ്പരാഗത സീറ്റുകളില്‍ ഗാന്ധി കുടുംബം തന്നെ മത്സരിക്കും. അമേഠി, റായ്ബറേലി, പ്രയാഗ്‌രാജ് മണ്ഡലങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യധാക്രമത്തിൽ മത്സരിക്കുമെന്ന് പിസിസി പ്രസിഡന്റ് അജയ് റായ് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളുമായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും വലിയ ആത്മബന്ധമുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായുള്ള അവരുടെ ബന്ധം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തിപ്പെടുത്തുമെന്നും അജയ് റായ് പറഞ്ഞു.
ഇതോടൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് പങ്കിടല്‍, സംഘടന ശക്തിപ്പെടുത്തല്‍, ഉത്തര്‍പ്രദേശ് ജോഡോ യാത്ര തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള കക്ഷികളുമായി സീറ്റ് പങ്കിടുന്നതില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, അജയ് റായ്, മുതിര്‍ന്ന നേതാക്കളായ രാജീവ് ശുക്ല, പി എല്‍ പുനിയ, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമോദ് തിവാരി, ഇമ്രാന്‍ പ്രതാപ്ഗാരി, സുപ്രിയ ശ്രീനേറ്റ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന, മുന്‍ യുപിസിസി പ്രസിഡന്റ് ബ്രിജ്ലാല്‍ ഖബ്രി, മുതിര്‍ന്ന നേതാവ് നസിമുദ്ദീന്‍ സിദ്ദിഖി, മറ്റ് പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.