വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും പണവും കവര്‍ന്ന് കാമുകന് നല്‍കി പെണ്‍കുട്ടി

single-img
29 August 2022

ബെംഗളുരു : തന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും പണവും കവര്‍ന്ന് കാമുകന് നല്‍കി പെണ്‍കുട്ടി. തുടര്‍ച്ചയായ മോഷണം പിതാവ് കൈയ്യോടെ പൊക്കിയതോടെ എല്ലാത്തിനും കാരണം കാമുകനാണെന്ന് പിതാവിനെ വിശ്വസിപ്പിക്കാനും 17കാരി ശ്രമിച്ചു.

തന്റെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സ്വര്‍ണ്ണവും പണവും 20 കാരനായ കാമുകന് നല്‍കിയതെന്നാണ് പെണ്‍കുട്ടി പിതാവിനോട് കുറ്റസമ്മതം നടത്തിയത്. ഇത് കേട്ട പിതാവ് പെണ്‍കുട്ടിയുടെ കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കുകയും പണവും ആഭരണങ്ങളും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബെം​ഗളുരുവിലെ ബ്യാതരായനപുര പൊലീസ് കവര്‍ച്ചയ്ക്കും പോക്സോ നിയമപ്രകാരവും ആടി ആക്‌ട് പ്രകാരവും യുവാവിനെതിരെ കേസെടുത്തു. പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഒരു സോഫ്റ്റ്‌വെയര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന 45 കാരനായ പിതാവ് കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പൊലീസ് പറഞ്ഞു. 2018-ല്‍ പിതാവും 2021-ല്‍ ഭാര്യയും മരിച്ചത് മുതലാണ് ഇയാള്‍ വിഷാദാവസ്ഥയിലായത്.

ജൂലൈയില്‍, ഇന്‍ഷുറന്‍സ് കമ്ബനി പ്രതിനിധികള്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും സ്വര്‍ണാഭരണങ്ങള്‍ക്കുള്ള പ്രീമിയം അടയ്ക്കാന്‍ പിതാവിനോട് ആവശ്യപ്പെടുകയും അല്ലെങ്കില്‍ പോളിസി കാലഹരണപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആഗസ്റ്റ് എട്ടിന്, സ്വര്‍ണ്ണ ഇന്‍ഷുറന്‍സ് ബോണ്ടിനായി അലമാര തിരയാന്‍ തുടങ്ങിയപ്പോള്‍, പിതാവിനെ മകള്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പിതാവ് ചോദ്യം ചെയ്തപ്പോള്‍ കൗമാരക്കാരി തന്റെ കാമുകനെക്കുറിച്ച്‌ പറയുകയും താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ അവനുമായി ഡേറ്റിംഗിലാണെന്ന് സമ്മതിക്കുകയും ചെയ്തു.

ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പിതാവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് സ്വര്‍ണ്ണവുമ പണവും കാമുകന് നല്‍കിയതിന് പെണ്‍കുട്ടി പറഞ്ഞ കാരണം. രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടക്കത്തില്‍ 2,500, 5,000, 10,000 എന്നിങ്ങനെ നല്‍കി. അവന്‍ ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് തന്റെ കോളേജിന്റെ ചുവരുകളില്‍ ഒട്ടിക്കുമെന്ന് പറഞ്ഞു. തനിക്ക് മയക്ക മരുന്ന് കലക്കിയ പാനീയം നല്‍കി വീഡിയോ റെക്കോര്‍ഡ് ചെയ്തുവെന്നും മയക്കുമരുന്ന് കഴിക്കുന്നുവെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമെല്ലാമാണ് പിതാവിനോട് പെണ്‍കുട്ടി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മുതല്‍ 1.9 കിലോ സ്വര്‍ണാഭരണങ്ങളും 3 കിലോ വെള്ളി കട്ടികളും 2 കിലോ വെള്ളി പ്ലേറ്റുകളും മറ്റ് സാധനങ്ങളും പെണ്‍കുട്ടി മോഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന് യുവാവ് സമ്മതിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവള്‍ ആഭരണങ്ങള്‍ മോഷ്ടിച്ച്‌ തനിക്ക് നല്‍കിയെന്നും എന്നാല്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ലെന്നും യുവാവ് ആവര്‍ത്തിച്ചു. അവള്‍ നല്‍കിയ 300 ഗ്രാം ആഭരണങ്ങളും തിരികെ നല്‍കിയതായും ഇയാള്‍ അവകാശപ്പെട്ടു. പെണ്‍കുട്ടി ആഭരണങ്ങള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്.