പോക്സോ കേസിൽ പ്രതിയെ മാറ്റിയെന്ന സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ

single-img
4 August 2023

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയെ മാറ്റിയെന്ന സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ. പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്‌പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും രണ്ടാനച്ഛന്റേതായി പുറത്ത് വന്ന ശബ്ദരേഖയിലുണ്ട്. മുൻ ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകിയെന്നും ശബ്ദരേഖയില്‍ പറയുന്നു. 

പോക്സോ കേസില്‍ ഇരയായ പെൺകുട്ടിയുടെ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം ചെയ്ത ശേഷം ചെറിയ വീടാണ് നൽകിയതെന്നും ആരോപിക്കുന്നു. മാസം പതിനായിരം രൂപ വീതം നൽകാമെന്നും യഥാർത്ഥ പ്രതികൾ വാഗ്ദാനം ചെയ്തുവെന്നും ശബ്ദരേഖയിൽ പറയുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ രണ്ടാനച്ഛൻ. പോക്സോ കേസില്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് രണ്ടാനച്ഛൻ ശിക്ഷിക്കപ്പെട്ടത്. വിഷയം പാര്‍ട്ടി പുനരന്വേഷണത്തിന് വിധേയമാക്കി യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നാണ് ശബ്ദരേഖയിൽ ഇയാൾ ആവശ്യപ്പെടുന്നത്. കേസിൽ ജയിലിൽ കഴിയുന്നതിനിടെ പരോളില്‍ പുറത്തിറങ്ങിയ ഇയാൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ, ജോർജ് എം തോമസിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോർട്ടിൽ ശരിവെച്ചത്. 

ജോർജ്ജ് എം തോമസിനെതിരായി ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ഇങ്ങനെ..

  • പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലീസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടിൽ ബിനാമിയായി ഭൂമിയും റിസോ‍ർട്ടും ബിനാമിയായി വാങ്ങി നൽകി.
  • ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ എൽസി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഒരു വ്യക്തിയിൽ നിന്ന് ഇത്രയും പണം സ്വീകരിച്ച് ചട്ട വിരുദ്ധം. ജോർജ്ജ് എം തോമസിന്റെ ഇടപെടൽ ദുരൂഹം.
  • ജോർജ്ജ് എം തോമസ് പുതിയ വീട് നിർമ്മിച്ചപ്പോൾ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നൽകിയത് ക്വാറിക്കാർ. ഇതിന്റെ ബില്ലുകളും മറ്റും ശേഖരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഈയിനത്തിൽ ലക്ഷങ്ങളാണ് കൈപറ്റിയത്.
  • നാട്ടുകാരനായ ഒരാളിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപാ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാൾ പിന്നീട് പാർട്ടി നേതാക്കൾക്ക് പരാതി നൽകി.
  • മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിർമ്മാണത്തിനായി കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി. ഇവ‍ർ പിന്നീട് പാർട്ടി നേതാക്കളെ പരാതി അറിയിച്ചു.
  • ആറ് കോൺഗ്രസ് നേതാക്കൾ നയിക്കുന്ന ലേബർ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നൽകി.