അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സർക്കാര്‍

single-img
4 August 2023

പെരുമ്പാവൂര്‍: അനുദിനം നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സർക്കാര്‍. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാർഗരേഖയും സർക്കാർ നൽകിയിട്ടില്ല. പെരുമ്പാവൂരിൽ യുവതിയെ ബലാത്സ​ഗം ചെയ്ത് കൊന്ന കേസിൽ അമീർ ഉൾ ഇസ്‌ലാമിനെ ശിക്ഷിച്ചതോടെയാണ് അതിഥി തൊഴിലാളികൾക്കുമേൽ സർക്കാരിന്റെ കണ്ണ് പതിഞ്ഞത്.

അന്ന് തുടങ്ങിയ വിവരശേഖരണവും കണക്കെടുപ്പും ആരംഭശൂരത്വമായി ഒതുങ്ങി പിന്നീടൊരു കണക്കെടുപ്പിന് കൊവിഡ് മഹാമാരി കാരണമായി. എന്നാല്‍ അതും ഒരുഘട്ടത്തിപ്പുറം മുന്നോട്ട് പോയില്ല. കിറ്റക്സ് കമ്പനിയിലെ ഒരു വിഭാ​ഗം തൊഴിലാളികൾ വില്ലൻമാരായപ്പോൾ പൊലീസൊന്ന് ഉണർന്നു. തൊട്ടുപിന്നാലെ പൊലീസ് തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കാണാനായത്. തൊഴിലാളികൾക്കായുള്ള ആവാസ് ഇൻഷൂറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5 ലക്ഷത്തോളം പേരാണ്.

ഇതിനും എത്രയോ ഇരട്ടിയാണ് ഇപ്പോള്‍ നാട്ടിലുള്ള അതിഥി തൊഴിലാളികളുടെ എണ്ണം. അഞ്ചിനുമുകളിൽ എത്രപേർ ജോലി ചെയ്താലും ആ സ്ഥാപനം ലേബർ ഓഫീസിൽ റജിസ്റ്റർ ചെയ്യണം എന്നാണ് ചട്ടം. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനടക്കം ഇത് നിർബന്ധമാണ്. എന്നാൽ ചെലവ് കൂടുമെന്ന് ഭയന്ന് പലരും അത് ചെയ്യാറില്ല, തൊഴിലാളികളെ നേരിട്ട് കണ്ട് വിവരം ശേഖരിക്കാനും അത് തുടർച്ചായി പരിഷ്കരിക്കാനും സാധിക്കുക തദ്ദേശ സ്ഥാപനങ്ങൾക്കാണ്.

താഴെ തട്ടിൽ കൃത്യമായൊരു ഇടപെടൽ നടന്നാലാണ് ഈ കണക്കെടുപ്പ് കൃത്യമാകൂ. കണക്കെടുപ്പിനും റജിസ്ട്രേഷനുമെല്ലാം സർക്കാരിന് മുന്നിൽ എണ്ണയിട്ടതുപോലെ പ്രവർത്തിപ്പിക്കാൻ സംവിധാനങ്ങളുണ്ട്. അത് കൃത്യമായി പ്രവർത്തിപ്പിച്ചാൽ കണക്ക് ലഭിക്കാന്‍ എന്നിരിക്കെയാണ് സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇല്ലാതെ ഇരുട്ടില്‍ തപ്പേണ്ടി വരുന്നത്.