ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം.
ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നതും വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നതും പൊലീസില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി തുടങ്ങി.