സര്‍ക്കാര്‍ എല്ലാ ഭരണാഘടന സീമകളും ലംഘിക്കുകയാണ്; ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂള്‍ പണിയുന്നു: ഗവർണർ

single-img
5 November 2023

കേരളത്തിൽ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ സർക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ എല്ലാ ഭരണാഘടന സീമകളും ലംഘിക്കുകയാണ്. പെന്‍ഷന്‍ നല്‍കുന്നില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂള്‍ പണിയുന്നു. കേരളത്തിൽ ഇപ്പോൾ ധൂര്‍ത്താണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമസഭാ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഭരണഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കില്‍ ആര്‍ക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാം. കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മറുപടി നല്‍കും. സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ല.

സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ വരേണ്ടത്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് കലാ മണ്ഡലത്തില്‍ സംഭവിച്ചത്. പുതിയ ചാന്‍സലര്‍ പണം ചോദിച്ചു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. ബില്ലുകളില്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി. ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.