ബഫര്‍സോണില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കനമെന്നാണ് സര്‍ക്കാര്‍ നിലപാട്; വനം മന്ത്രി എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം: ബഫര്‍സോണില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
ഇതിന് വേണ്ടി നിയമപരമായി പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഗ്രഹ സര്‍വ്വ നടത്താന്‍ പ്രേരിപ്പിക്കപ്പെട്ടത് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ വേണ്ടി മാത്രമാണെന്ന് പലവട്ടം വ്യക്തമാക്കിയിരുന്നെന്നും എന്നാല്‍ അത് അശാസ്ത്രീയമാണെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തതെന്നും മന്ത്രി ചൂണ്ടിക്കട്ടി.
ബഫര്‍ സോണ്‍ വിഷത്തില്‍ ഫീല്‍ഡ് സര്‍വേ തുടങ്ങാന്‍ തീയതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സര്‍വേ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാകും ഫീല്‍ഡ് സര്‍വേ നടത്തുക. നിലവില്‍ പ്രസിദ്ധീകരിച്ച 2021 ലെ ഭൂപടവും സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് നോക്കിയും ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. 28 ന് ഇതുസംബന്ധിച്ച ഹെല്പ് ഡസ്ക് തുടങ്ങും. എല്ലാ നടപടികളും ജനുവരി 7 ഓടെ തീര്‍ത്ത് റിപ്പോര്‍ട്ട് തയാറാക്കുമെന്നും വനം മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഒരു രേഖ തയ്യാറാക്കിയാല്‍ അത് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചാല്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകാന്‍ ഇടയുണ്ട്. അതിനുള്ള അവസരം കൊടുത്ത് അതുകൂടി കേള്‍ക്കണം. ഉപഗ്രഹ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചത് സുപ്രീംകോടതി നിലപാടിന്‍റെ ഭാഗമായിട്ടാണ് എന്ന് പലതവണ സര്‍ക്കാര്‍ പറഞ്ഞതാണ്. ആദ്യം അത് തെറ്റ്. പിന്നീട് അത് ശരി എന്ന ഇരട്ടത്താപ്പാണ് എല്ലാറ്റിനും പ്രശ്നമെന്നും മന്ത്രി വിശദമാക്കി. ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന അത്തരം നിലപാടുകള്‍ സ്വീകരിക്കരുതെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും ആവലാതികള്‍ പറയാനുണ്ടോ എന്നത് അറിയാനാണ് സര്‍വ്വേ പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ സിനിമ കാണും പോലെ കൈയ്യടിച്ചു പോകാനല്ലെന്നും പൊതുസമൂഹത്തിന് എന്തെങ്കിലും പറയാനും കേള്‍ക്കാനും ഉണ്ടെങ്കില്‍ അത് അറിയിക്കാനാണ് ഇത്തരം സര്‍വ്വേകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടി ചേര്‍ത്തു.