ഗവര്‍ണര്‍ ഷോ തുടരുന്നു; ടിക്കറ്റ് വെച്ചാല്‍ നല്ല വരുമാനം ഉണ്ടാക്കാം: ജോൺ ബ്രിട്ടാസ് എംപി

single-img
27 January 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്. ഗവര്‍ണര്‍ ഷോ തുടരുകയാണെന്നും ടിക്കറ്റ് വെച്ചാല്‍ നല്ല വരുമാനം ഉണ്ടാക്കാമെന്നും എംപി പരിഹസിച്ചു . കുറെ നാളായി ഗവര്‍ണര്‍ വ്യത്യസ്ത ഭാവത്തിലും രൂപത്തിലും നിറഞ്ഞാടുകയാണ്.

കഴിഞ്ഞദിവസം ചെന്നൈയില്‍ വച്ച് ഇന്ത്യ ആദരിക്കുന്ന നിയമജ്ഞന്‍ ഫാലി എസ് നരിമാനെതിരെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന റോഹിന്‍ടണ്‍ നരിമാനെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി. സാമാന്യ ബോധത്തിന് നിരക്കാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷോ തുടരുകയാണ്… ടിക്കറ്റ് വെച്ചാല്‍ നല്ല വരുമാനം ഉണ്ടാക്കാം…. ചാന്‍സിലറുടെ നിലപാടിനെതിരെ വഴിയോരത്ത് നിന്ന് പ്രതിഷേധിക്കുന്ന എസ്എഫ്‌ഐക്കാര്‍ക്കെതിരെയാണ് ഇന്നും അദ്ദേഹം വാഹനം നിര്‍ത്തി ആര്‍ത്തട്ടഹസിച്ച് ഇരച്ചെത്തിയത്. പുതിയൊരു സീനും പഞ്ച് ഡയലോഗും കൂടി അദ്ദേഹം ഇക്കുറി എഴുതിച്ചേര്‍ത്തു. കടത്തിണ്ണയില്‍ കുത്തിയിരിക്കുക, അമിത്ഷായെ വിളിക്കുക, പ്രധാനമന്ത്രിയെ വിളിക്കുക എന്ന അലറി കൂവല്‍..

സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്ക് എന്തായാലും കേന്ദ്ര സേനയുടെ സുരക്ഷ കിട്ടി. ഈ സംസ്ഥാനത്തെ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ഇവിടെ തുടരുന്നത് എന്ന് ചോദ്യമാണ് പ്രസക്തമാകുന്നത്.
പ്രതിഷേധവും കരിങ്കൊടി കാണിക്കലും കേരളത്തിന് പരിചയമുള്ള കാര്യമാണ്. എന്നാല്‍ വാഹനത്തില്‍ നിന്നിറങ്ങി ഷോ നടത്തുന്നത് കേരളത്തിന് പരിചയമില്ലാത്ത കാര്യം. യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് സുരക്ഷ പ്രോട്ടോകോള്‍ ലംഘിച്ചത് ..കേസെടുക്കേണ്ടത് ഈ ലംഘനത്തിലാണ്.

കഴിഞ്ഞ കുറെ നാളായി ഗവര്‍ണര്‍ വ്യത്യസ്ത ഭാവത്തിലും രൂപത്തിലും നിറഞ്ഞാടുകയാണ്.കഴിഞ്ഞദിവസം ചെന്നൈയില്‍ വച്ച് ഇന്ത്യ ആദരിക്കുന്ന നിയമജ്ഞന്‍ ഫാലി എസ് നരിമാനെതിരെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന റോഹിന്‍ടണ്‍ നരിമാനെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി. സാമാന്യ ബോധത്തിന് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എഴുന്നള്ളിച്ചത്.

അസംബ്ലിയില്‍ നയപ്രഖ്യാപനത്തിന് അദ്ദേഹത്തിന് സമയമില്ല. ഷോ നടത്താന്‍ ആവോളം സമയമുണ്ട് താനും. അമിത് ഷായെ വിളിക്ക്, പ്രധാനമന്ത്രിയെ വിളിക്ക് എന്ന് പറഞ്ഞപ്പോള്‍ പഴയ സിനിമ ഡയലോഗാണ് ഓര്‍മ്മ വന്നത്. ‘ടാസ്‌കി വിളിക്ക്…’ എന്ന കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ഡയലോഗ്. NB: ജനം തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെതിരെ പിപ്പിടി കാണിക്കുന്ന, നൂലില്‍ കെട്ടിയിറക്കിയ ഒരാളെ, തോളിലേറ്റി നടക്കുന്ന മാധ്യമ ലോകം കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്.