ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ അയവ് വരുത്തി ഗവർണ്ണർ

single-img
12 October 2024

സംസ്ഥാന സർക്കാരുമായുള്ള പോരിൽ അയവ് വരുത്തി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ . ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു.

അതേസമയം, സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവ‍ർണ്ണറെ വെല്ലുവിളിച്ചു. ഇതെല്ലാം നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം. ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്.

ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ വൈകിട്ട് രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സ്വാഗതം.

ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ വരാം. ഒരടി മുന്നോട്ട് വെക്കുമ്പോൾ രണ്ടടി പിന്നോട്ടെന്നാണ് കഴിഞ്ഞ പോരിലെല്ലാം ഗവർണ്ണറുടെ ലൈൻ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുള്ള ഗവർണ്ണറുടെ നീക്കത്തിനെതിരെ സിപിഎം കടന്നാക്രമണം നടത്തിയിരുന്നു.