ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
ചെന്നൈ: ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കലശപാക്കത്തിനടുത്തുള്ള കീഴ്കുപ്പം ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
പിതാവിന്റെ ക്രൂരമായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടുകയാണ്. 40 കാരനായ പളനി എന്ന കര്‍ഷകനാണ് ഭാര്യ വളളിയെയും നാല് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയത്.
4 വയസ്സ് മുതല്‍ 15 വയസ്സു വരെയുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിയ വീടിനുള്ളില്‍ മകളെയും പേരക്കുട്ടികളെയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വള്ളിയുടെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥിരം മദ്യപാനിയായ പളനിയും വള്ളിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പളനി, വള്ളിയുമായി വഴക്കിട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ 3.00 മണിയോടെ പളനി ഉറങ്ങിക്കിടന്ന കുട്ടികളുള്‍പ്പെടെയുളളവരെ അരിവാളും മഴുവും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ പറയുന്നു. വള്ളി, തൃഷ (15), മോനിഷ (14), ശിവശക്തി (7), ധനുഷ് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 വയസ്സുകാരിയായ മകള്‍ ഭൂമികയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാസം മുമ്ബായിരുന്നു ഇവരുടെ മൂത്ത മകളുടെ വിവാഹം. വള്ളിയുടെ അമ്മ വീട്ടിലെത്തുമ്ബോള്‍ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചപ്പോള്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് അകത്ത് ഇവര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് ഭൂമികയെ ആശുപത്രിയിലാക്കിയതെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.