നായികയുടെ ശബ്ദം; ‘എആർഎം’ന് മമിതയോട് നന്ദി പറഞ്ഞ് ടൊവിനോ
‘അജയന്റെ രണ്ടാം മോഷണം’ ( എആർ എം ) സിനിമ ഇറങ്ങിയ പിന്നാലെ നടി മമിത ബൈജുവിനോട് നന്ദി പറഞ്ഞ് ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. എ ആർ എമ്മിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിത ബൈജുവാണ്.
തന്റെ ആദ്യ മലയാള സിനിമയായിട്ടു കൂടി ലക്ഷ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് മമിതയുടെ കൂടി പിന്തുണ കൊണ്ടാണ്. ഏറെ കൃത്യതോടെയായിരുന്നു ഡബ്ബിങ് നിർവഹിച്ചത്.
‘‘ഞാനും ഈ അടുത്തുമാത്രമാണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്.
മമിതയുടെ അടുത്ത് ഈ കാര്യം ഞാൻ പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. പുറമെ മമിതയോട് നന്ദിയും പറഞ്ഞു.’’–യെസ് എഡിറ്റോറിയലിനു നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.