ഒളിക്യാമറ വിവാദം; ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

single-img
17 February 2023

ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷായ്ക്ക് രാജിക്കത്ത് നല്‍കി.

ചേതന്‍ ശര്‍മ്മയുടെ രാജി സ്വീകരിച്ചതായി ജയ് ഷാ വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍, ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് ചേതന്‍ ശര്‍മ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പൂര്‍ണമായും ഫിറ്റല്ലാത്ത താരങ്ങള്‍ ഉത്തേജക മരുന്ന് കുത്തിവെച്ച്‌ കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേതന്റെ വിവാദ വെളിപ്പെടുത്തല്‍.

വിരാട് കോഹ്‌ലിയും മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പോരും, നിലവിലെ ഇന്ത്യന്‍ ടീമില്‍ കോഹ് ലിയും നായകന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധങ്ങളുമടക്കം ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. വിരാടും രോഹിതും തമ്മില്‍ പിണക്കങ്ങളില്ലെങ്കിലും, ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷ് ഉണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞിരുന്നു.