ഹിന്ദു പത്രം അവർക്ക് പറ്റിയ വീഴ്ച സമ്മതിച്ചു; അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

single-img
1 October 2024

ദേശീയ മാധ്യമമായ ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാത്രത്തിൽ വന്നത് താൻ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഹിന്ദു പത്രം അവർക്ക് പറ്റിയ വീഴ്ച സമ്മതിച്ചു. ഏതെങ്കിലുമൊരു മത വിഭാ​ഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാ​ഗത്തിനോ എതിരായി തന്റെ ഭാ​ഗത്തുനിന്ന് പരാമർശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ’ – മുഖ്യമന്ത്രി ചോദിച്ചു.

പക്ഷെ വർ​ഗീയ ശക്തികൾ, വർ​ഗീയത എന്നിവയിൽ വിയോജിക്കാറുണ്ട്. അവയെ തുറന്നെതിർക്കാറുമുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാ​ഗത്തെയല്ല എതിർക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വർ​ഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ എതിർക്കാറുണ്ട്. അതിന്റെ അർത്ഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല.

ഇന്ത്യയിൽ ന്യൂനപക്ഷ വർ​ഗീയതയുണ്ട്, അതിനെ എതിർക്കുന്നതിന്റെ അർത്ഥം ന്യൂനപക്ഷ വിഭാ​ഗങ്ങളെ എതിർക്കുന്നുവെന്നല്ല, അങ്ങനെ കാണാൻ കഴിയില്ല. ഭൂരിപഷവിഭാ​ഗമായാലും ന്യൂനപക്ഷമായാലും അവയിലെ മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ വർഗീയതയിൽ അകപ്പെട്ടവരല്ല.

വർ​ഗീയതയ്ക്ക് അടിപ്പെട്ടവർ ചെറുഭൂരിപക്ഷമാണ്. ആ വിഭാ​ഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലാണല്ലോ. ആ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായുള്ള കാര്യമല്ല.

2020 മുതലുള്ള സ്വർണ്ണക്കടത്തിൽ കണക്ക് പരിശോധിച്ചാൽ ഇതുവരെ ആകെ പിടിക്കപ്പെട്ടത് 147.79 കിലോ​ഗ്രാം സ്വർണമാണ്. ഇതിൽ 124.47 കിലോ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ കണക്കിൽ ഉൾപ്പെടും. 2022 ൽ 73.31 കിലോ സ്വർണം പിടിച്ചു. 37,96,68,795 രൂപയുടെ സ്വർണമാണ് പിടിച്ചത്. 122 കോടിയുടെ ഹവാലപ്പണമാണ് സംസ്ഥാനത്താകെ പിടികൂടിയത്. ഇതിൽ 87 കോടി രൂപ മലപ്പുറം ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇതെല്ലാം കണക്കുകളാണ്.

സ്വർണക്കടത്ത്, ​ഹവാല പണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാടിന്റെ പൊതുബോധത്തിലേക്ക് കൊണ്ടുവരലാണ് ഉദ്ദേശിച്ചത്. എന്നാൽ ചിലർ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ്. സ്വർണ, ഹാവാല കേസുകളിൽ പിടിക്കുമ്പോൾ ചിലർക്ക് പൊള്ളുന്നു. ഇതുപോലെയുള്ള
നിയമവിരുദ്ധ പ്രവർത്തനങ്ങളെ എന്തിന് പ്രോത്സാഹിപ്പിക്കണം? സ്വർണം കടത്തുന്നതും ഹവാല കൊണ്ടുപോകുന്നതും രാജ്യസ്നേഹപരമായ നടപടിയാണെന്നോ അതിനേ നേരെ കണ്ണടയ്ക്കണമെന്നോ ആർക്കെങ്കിലും പറയാനാകുമോ?

ആവശ്യമായ നടപടികൾ കൂടുതൽ ശക്തമായി തുടരുക തന്നെ ചെയ്യും. പ്രത്യേകമായ ഉദ്ദേശത്തോടെ നാടിന്റെ സംവിധാനങ്ങളെയാകെ തകിടം മറിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശ്രദ്ധിച്ചാൽ ആർക്ക് വേണ്ടിയാണ്, പിന്നിൽ ആരാണ്, എന്തിന് വേണ്ടിയാണ് എന്നൊക്കെ മനസ്സിലാക്കാൻ കഴിയും.

കേരളത്തിന്റെ മതനിരപേക്ഷത തകർത്ത് വർഗീയ അജണ്ട പ്രചരിപ്പിച്ച് കടന്ന് കയറാൻ പറ്റുമോ എന്ന് ആർഎസ്എസ് വലിയ തോതിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ചിലർ തയ്യാറാകുന്നുവെന്നാണ് അടുത്ത കാലത്തെ സംഭവങ്ങൾ കാണിക്കുന്നത്. ജനമനസ്സിൽ വർഗീയത തിരികിക്കയറ്റാനുള്ള ആ ശ്രമം നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.