തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ കടിച്ചത്. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവുനായയുടെ ആക്രമണം തുടരുകയാണ്. തിരുവനന്തപുരത്ത് കുട്ടികൾക്ക് നായയുടെ കടിയേറ്റിരുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.
കടിയേറ്റവർക്ക് വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു.സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചിരുന്നു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വിശദമാക്കി. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.