അനധികൃതമായി രാജ്യത്തേക്ക് എത്തിയ പാക് വനിതയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് ഭര്‍ത്താവ്

single-img
19 July 2023

ദില്ലി: പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ കാമുകനെ തേടി മക്കളുമായി അനധികൃതമായി രാജ്യത്തേക്ക് എത്തിയ പാക് വനിതയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് ഭര്‍ത്താവ്. മൊബൈൽ ​ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ സീമ പബ്ജി എന്ന ഓൺലൈൻ ഗെയിം വഴി ഇന്ത്യയിലെ മറ്റ് നിരവധി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സച്ചിന്‍ മീണയ്ക്കൊപ്പം താമസിക്കുന്ന സീമ ഹൈദറിനെ യുപി പൊലീസ് എടിഎസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭര്‍ത്താവ് ഗുലാം ഹൈദറിന്‍റെ പ്രതികരണം എത്തുന്നത്. ഇന്ത്യാ ടുഡേയോടാണ് ഭര്‍ത്താവ് പ്രതികരിച്ചിട്ടുള്ളത്. പൊലീസ് ചോദ്യം ചെയ്യലിനിടയില്‍ സഹോദരന്‍ പാക് സേനയിലുള്ളതായും എന്നാല്‍ നിലവില്‍ സേനയിലുണ്ടോയെന്ന് അറിവില്ലെന്നുമായിരുന്നു സീമ പ്രതികരിച്ചത്. എന്നാല്‍ സീമ ഹൈദറിന്‍റെ സഹോദരന്‍ ആസിഫ് ഇപ്പോഴും സേനയിലുണ്ടെന്നും അമ്മാവനായ ഗുലാം അക്ബറും പാക് സേനാംഗമാണെന്നും ഗുലാം ഹൈദര്‍ സ്ഥിരീകരിക്കുന്നു. കറാച്ചിയിലാണ് സീമയുടെ സഹോദരന്‍ നിയമിതനായിട്ടുള്ളതെന്നും ഗുലാം ഹൈദര്‍ പറയുന്നു. സീമയുടെ അമ്മാവന്‍ പാക് സേനയിലെ ഉയര്‍ന്ന പദവിയിലാണെന്നും ഗുലാം ഹൈദര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സീമയുടെ തിരിച്ചറിയല്‍ രേഖ വിതരണം ചെയ്ത സമയവും പൊലീസിനെ സംശയത്തിന് ബലം നല്‍കുന്നുണ്ട്. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയില്‍ രേഖ സീമയ്ക്ക് നല്‍കിയിരിക്കുന്ന തിയതി 2022 സെപ്തംബര്‍ 20നാണ്. പാക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തര് പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സച്ചിന്‍ മീണയെന്ന കാമുകനൊപ്പമാണ് സീമ ഹൈദറും മക്കളും താമസിക്കുന്നത്.

നേപ്പാള്‍ വഴി മെയ് മാസത്തിലാണ് സീമ സച്ചിനൊപ്പം താമസിക്കാനായി എത്തിയത്. 2019ല്‍ പബ്ജി ഗെയിമിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ജൂലൈ 4ന് സീമ ഹൈദറിനെ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്നതിനായിരുന്നു അറസ്റ്റ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ സഹായിച്ചതിന് സച്ചിന്‍ മീണയും അറസ്റ്റിലായിരുന്നു. എന്നാല്‍ ജൂലൈ 7 കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.