ജഗൻ മോഹൻ റെഡ്ഡി സർക്കാർ മുട്ട പഫ്സിനായി ചെലവഴിച്ചത് 3.62 കോടി രൂപ; ആരോപണവുമായി ടിഡിപി

single-img
22 August 2024

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡി അദ്ദേഹത്തിന്റെ ഭരണകാലത്തെ 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്‌സുകൾ എന്ന് ടിഡിപിയുടെ ആരോപണം. ജഗൻ ഭരണത്തിൽ ഇരുന്നപ്പോള് അമിത ചെലവ് നടത്തിയെന്നാരോപിച്ച് നിലവിലെ ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദം ഉണ്ടായത് .

എന്നാൽ സംഭവത്തിൽ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി ഉടൻതന്നെ വിശദീകരണവുമായി രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ സ്നാക്സ്‌സിൻ്റെ ബില്ലിനെ മുട്ട പഫ്‌സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.

അതേസമയം, ഇപ്പോഴത്തെ സർക്കാർ മുൻ സർക്കാരിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വർഷവും ശരാശരി 72 ലക്ഷം രൂപ പഫ്‌സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയത്. ഈ ധൂർത്തുനടന്ന കാലയളവ് 2019 നും 2024 നും ഇടയിലാണെന്നും ടിഡിപി ആരോപിക്കുന്നു.

ജഗൻ ഭരണകാലയളവിൽ സംസ്ഥാന ഖജനാവിൽ നിന്നും പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവർഷം ചെലവാകണമെങ്കിൽ അതിൻ്റെ വിലവച്ച് പ്രതിദിനം 993 പഫ്‌സുകൾ വാങ്ങേണ്ടിവരും. അങ്ങിനെ കരുതിയാൽ അഞ്ച് വർഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്‌സുകളെന്ന് കരുതേണ്ടിവരുമെന്നും ടിഡിപി പരിഹസിക്കുന്നു.