സത്യമല്ലാത്തത് കണ്ടെത്തിയാൽ സിനിമ ഉപേക്ഷിക്കും; ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവിനെ വെല്ലുവിളിച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ
‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി ഇന്ന് ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെ വെല്ലുവിളിച്ച് രംഗത്തെത്തി. തന്റെ സിനിമയിൽ സത്യമല്ലാത്ത ഒരു സംഭവം കണ്ടെത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
“ഇന്ന്, ഈ ലോകത്തിലെ എല്ലാ ബുദ്ധിജീവികളേയും ഇസ്രായേലിൽ നിന്നുള്ള ഈ മഹാനായ ചലച്ചിത്ര നിർമ്മാതാവിനെയും ഞാൻ വെല്ലുവിളിക്കുന്നു, ഒരു ഫ്രെയിമോ ഒരു ഡയലോഗോ അല്ലെങ്കിൽ കശ്മീർ ഫയലിലെ ഒരു സംഭവമോ സത്യമല്ലാത്തത് കണ്ടെത്താൻ,” വിവേക് അഗ്നിഹോത്രി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിൽ പറഞ്ഞു.
‘ കശ്മീർ ഫയൽസി’ൽ ശരിയല്ലാത്ത ഫ്രെയിം ആരെങ്കിലും കണ്ടെത്തിയാൽ താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്നും സംവിധായകൻ പറഞ്ഞു. 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) സമാപന ചടങ്ങിൽ ‘ദി കശ്മീർ ഫയൽസ്’ ഒരു പ്രചാരണ സിനിമയെന്നും അശ്ലീലം എന്നും നദവ് ലാപിഡ് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അഗ്നിഹോത്രിയുടെ പ്രതികരണം .
ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഭാഗമായി നവംബർ 22 ന് IFFI-യിൽ കാശ്മീർ ഫയൽസ് പ്രദർശിപ്പിച്ചു. 1990-കളിൽ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.