അക്രമകാരികളായ തെരുവുനായ്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചു
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
സമാന ആവശ്യം ചൂണ്ടിക്കാട്ടി കോഴിക്കോട് കോര്‍പറേഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും നേരത്തെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്കളെയും കുത്തിവെച്ച് കൊല്ലാന്‍ അനുവദിക്കണമെന്നും അതിനുള്ള അനുമതി നല്‍കണമെന്നുമാണ് സര്‍ക്കാറിന്‍റെ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിവസേന മുപ്പതോളം ആക്രമണങ്ങളാണ് തെരുവുനായ്കളില്‍ നിന്ന് നേരിടുന്നത്. നിലവിലെ നിയമപ്രകാരം ഇത് ഒരിക്കലും നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല. വാക്സിന്‍ എടുത്തവര്‍ പോലും പേവിഷബാധയേറ്റ് മരിക്കുന്ന സാഹചര്യമാണ്. കേന്ദ്ര നിയമങ്ങള്‍ നായ്കളെ കൊല്ലാന്‍ അനുവദിക്കുന്നില്ല. പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റി മരണം വരെ പാര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും പ്രകാരം പേപ്പട്ടികളെയും അക്രമകാരികളായ നായ്കളെയും കൊല്ലാമെന്നും പ്രത്യേക സാഹചര്യത്തില്‍ അനുമതി നല്‍കണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.