ദി കേരളാ സ്റ്റോറി: 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളത്: സംവിധായകൻ സുദിപ്തോ സെൻ
വസ്തുതാ വിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദി കേരള സ്റ്റോറി സിനിമയിൽ പറയുന്ന 32000 എന്നത് കൃത്യമായ ഒരു കണക്ക് അല്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ സുദിപ്തോ സെൻ. ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി ഇന്ന് സംഘടിപ്പിച്ച സിനിമയുടെ പ്രദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലേക്ക് ശരിയായ എണ്ണം ലഭിക്കുന്നതിനായി വിവരാവകാശം വഴി അന്വേഷിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ , സർക്കാരും പൊലീസും കണക്കുകൾ തന്നില്ല എന്ന് സുദിപ്തോ സെൻ പറഞ്ഞു. ചിത്രത്തിൽ പാറയുടെ 32000 പെൺകുട്ടികൾ എന്ന സംഖ്യ അല്ല ഇവിടെ വിഷയം. 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശരിയായ സത്യം മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സംഖ്യക്ക് പിന്നാലെ മാത്രം പോകുന്നത്. കേരളാ സ്റ്റോറി സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തി തന്നെ അത് കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിലാകെ 100 തിയേറ്ററിൽ സിനിമ റിലീസ് ചെയ്യാനാണ് ആഗ്രഹം. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.