ഇടതു പക്ഷം എന്നാൽ സ്ത്രീപക്ഷമാണ്; രാജ്യത്തെ മറ്റുള്ളവർക്ക് കൂടി മാതൃകയാവണം കമ്മ്യൂണിസ്റ്റുകാർ: ആനി രാജ

single-img
31 August 2024

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ തള്ളി സിപിഐ നേതാവ് ആനി രാജ. ഇടതു പക്ഷം എന്നാൽ സ്ത്രീപക്ഷമാണ്. മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും. അവർ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവർക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു.

അതിജീവിതകൾക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സർക്കാർ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം. അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴുമെന്നും ആനി രാജ പറഞ്ഞു. നീതി ഉറപ്പാക്കുന്നുണ്ടെന്ന് ഇരകൾക്ക് ബോധ്യം വരണമെന്നും ആനിരാജ പ്രതികരിച്ചു. രാജ്യത്ത് മറ്റെവിടെയും ഇടതുപക്ഷ സർക്കാറില്ല. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സർക്കാർ എടുക്കുമെന്നു കരുതുന്നു.

കേരളം ഒരു വാട്ടർ ഷെഡ് മൂവ്മെന്റിലൂടെ കടന്നു പോകുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവായ വൃന്ദ കാരാട്ടും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന് എതിരെയുള്ള ആരോപണത്തിലും ആനിരാജ പ്രതികരിച്ചു. ഇടതുപക്ഷത്തിന് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ എല്ലാം അദ്ദേഹത്തിന് നേരെയാണെന്നും ആനി രാജ പറഞ്ഞു.