മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നൽകിയ കത്ത് എയർ ഇന്ത്യാ ഫ്ലൈറ്റിൽ നിന്നും വീണതല്ലല്ലോ: മന്ത്രി മുഹമ്മദ് റിയാസ്
പ്രതിപക്ഷമായ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്.
പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സർക്കാറിന്റെ വിലയിരുത്തൽ തന്നെയാണ്. 2021 ൽ തുടർഭരണമുണ്ടാകുമെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചു.
പാലക്കാട് ഞങ്ങൾ ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത് കോൺഗ്രസാണ്. നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകൾ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. ഇനിയും ഏറെപ്പേർ വരും, കാരണം അവർക്ക് കോൺഗ്രസിൽ നിൽക്കാനാകില്ല. കോൺഗ്രസിലെ മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തേക്ക് എത്തും.
മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നൽകിയ വിവാദ കത്ത് പുറത്ത് വന്നതിൽ പ്രതികരിച്ച മന്ത്രി, കത്ത് എയർ ഇന്ത്യാ ഫ്ലൈറ്റിൽ നിന്നും വീണതല്ലല്ലോയെന്നും പരിഹസിച്ചു. ഒന്നുകിൽ എഴുതിയവർ അല്ലെങ്കിൽ വാങ്ങിയവർ. അവരാണ് കത്ത് പുറത്ത് വിട്ടത്. കോൺഗ്രസ് വോട്ട് മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടാതിരിക്കാനാണ് കത്ത് ഇപ്പോൾ പുറത്ത് വിട്ടതെന്നും റിയാസ് പറഞ്ഞു.