നിയമന വിവാദത്തില്‍ പുറത്തുവന്ന കത്ത് വ്യാജം; മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും

single-img
6 November 2022

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദത്തില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും

വ്യാജ ലെറ്റര്‍പാഡുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാകും മേയര്‍ പരാതി നല്‍കുക. പരാതി നല്‍കിയതിന് ശേഷം ആര്യാ രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ നേരിട്ട് വിശദീകരണം നല്‍കിയേക്കും. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഇന്നലെ തന്നെ നഗരസഭ വ്യക്തമാക്കിയിരുന്നു.

മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ കത്ത് നല്‍കിയിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. നഗരസഭയേയും മേയറേയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് നഗരസഭയുടെ വിശദീകരണം.

കത്ത് വിവാദം കനത്തതോടെ തിരുവനന്തപുരം നഗരസഭയിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ച് വഴിയാക്കി പുനഃക്രമീകരിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമായിരുന്നു തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷിന്‌റെ ഇടപെടല്‍.

എന്നാല്‍ മേയര്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും വിഷയത്തില്‍ ഇന്നും പ്രതിഷേധം സംഘടിപ്പിച്ചേക്കും. സ്വജനപക്ഷപാതത്തിലൂടെ മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മേയര്‍ രാജിവെയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും വിജിലന്‍സിനും പ്രതിപക്ഷം പരാതി നല്‍കിയിട്ടുണ്ട്.