മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന തെരുവ്‌നായക്ക് അന്ത്യയാത്രയൊരുക്കി നാട്ടുകാര്‍; സ്മൃതിമണ്ഡപം നിർമ്മിക്കും

single-img
24 February 2023

കൊല്ലം ജില്ലയിലെ തഴവമേഖലയിൽ മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന അപ്പു എന്ന തെരുവ്‌നായ വിടപറഞ്ഞു . വളരെയേറെ ആദരവോടെയാണ് ജനങ്ങള്‍ അപ്പുവിന് അന്ത്യയാത്ര ഒരുക്കിയത്. തഴവ പഞ്ചായത്തിൽ കുതിരപ്പന്തി മാർക്കറ്റിൽ കച്ചവടക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന ആറുവയസുകാരനായ അപ്പുവെന്ന തെരുവുനായയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നായയുടെ തലച്ചോറിനേറ്റ വൈറസ് ബാധയായിരുന്നു മരണകാരണം.

രണ്ടുദിവസങ്ങൾക്ക് മുൻപായിരുന്നു നായയുടെ ചെവിയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചത് . തുടർന്ന് , ചെവിയില്‍ അണുബാധയുണ്ടെന്നും അത് തലച്ചോറിനെ ബാധിക്കാനിടയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്പുവിന്റെ വിയോഗത്തിൽ നാട് ഒന്നാകെ ദുഃഖത്തിലായി.

നാട്ടുകാർ ഇന്ന് അവസാനമായി അപ്പുവിനെ കാണാന്‍ ഒഴുകിയെത്തി. നാട്ടുകാരെ ദുഃഖവാര്‍ത്ത അറിയിക്കാന്‍ അനൗണ്‍സ്‌മെന്റും നടത്തി. ഒടുവിൽ അപ്പുവിന്റെ മൃതദേഹത്തില്‍ അവര്‍ പട്ടുമൂടി. തുടര്‍ന്ന് പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. ഇനി ഇവിടെ അപ്പുവിന്റെ ഓര്‍മ്മയ്ക്കായി നാട്ടുകാര്‍ സ്മൃതിമണ്ഡപം നിര്‍മ്മിക്കുമെന്നും വിവരമുണ്ട്.