കോവളത്ത് രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് റേസിങ് അല്ല അമിതവേഗമെന്നു മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം; കോവളത്ത് രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്.
അമിത വേഗതയാണ് അപകടമുണ്ടാക്കിയത് എന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാര്‍ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവ് ഇല്ല. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടകാരണമായി എന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്നലെ രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസില്‍ പാച്ചല്ലൂര്‍ തോപ്പടി ഭാഗത്തായിരുന്നു അപകടം.പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയില്‍ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.
അരവിന്ദ് ഇന്‍സ്റ്റഗ്രാം റില്‍സ് എടുത്ത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാല്‍ മുറിഞ്ഞുമാറി റോഡില്‍ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടില്‍നിന്നിറങ്ങിയത്.
10 ലക്ഷത്തിലേറെ വിലയുള്ള ആയിരം സിസിയുടെ സ്പോര്‍ട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാല്‍ കിലോമീറ്റര്‍ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.