വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും മുസ്ലിം ലീഗിന് തീവ്രവാദ നിലപാടില്ല; ജനാധിപത്യ പാർട്ടിയായാണ് കാണുന്നത്: ആർഎസ്എസ്

single-img
18 March 2023

ചില വർഗീയ താൽപര്യങ്ങളുണ്ടെങ്കിലും മുസ്ലിം ലീഗിന് തീവ്രവാദ നിലപാടില്ലെന്നും തങ്ങൾ ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്നും ആർ.എസ്.എസ്. ബഹുജന സമ്പർക്കത്തിനിടെ ഒരു സിറ്റിംഗ് ലീഗ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചർച്ച നടത്തിയിട്ടില്ലെന്നും ചർച്ചയ്‌ക്കെത്തിയ സംഘത്തിൽ അവരുടെ പ്രതിനിധിയും ഉണ്ടായതായും ആർഎസ്എസ് വ്യക്തമാക്കി.

കേരളത്തിൽ വിവിധ ക്രിസ്ത്യൻ സഭകളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്നും ആർഎസ്എസ് നേതൃത്വം കൂട്ടിച്ചേർത്തു. കേരളത്തിലെ ശക്തമായ രാഷ്ട്രീയ കക്ഷികളിൽ ഒന്നായ മുസ്ലിം ലീഗിനെ ജനാധിപത്യ പ്രസ്ഥാനം എന്ന നിലയിൽ അംഗീകരിക്കുന്നുവെന്നാണ് ആർഎസ്എസ് നിലപാട്. ചില വർഗ്ഗീയ താൽപര്യം ലീഗിനുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിക്കൊപ്പം ചേർത്തു കെട്ടാനാകില്ലെന്നും
ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ അറിയിച്ചു.

ആർഎസ്എസ് ജമാ അത്തെ ഇസ്ലാമിയുമായല്ല ഡൽഹിയിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ചയ്‌ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.