ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും വിജയകരമായി ഇന്ധനം ഒഴിവാക്കി

single-img
12 August 2023

യെമന്‍: ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും വിജയകരമായി ഇന്ധനം ഒഴിവാക്കിയതായി യുഎന്‍. ചെങ്കടലില്‍ ഒഴുകി നടക്കുന്ന കപ്പലില്‍ നിന്ന് അതിസാഹസികമായാണ് ഇന്ധനം ഒഴിവാക്കിയത്. 2015ലാണ് ഈ എഫ്എസ്ഒ സേഫര്‍ എന്ന കപ്പല്‍ ഉപേക്ഷിച്ചത്. ഒരു മില്യണ്‍ ബാരല്‍ ഓയില്‍ കപ്പലിലുള്ള നിലയിലായിരുന്നു കപ്പല്‍ ഉപേക്ഷിച്ചത്. വലിയ രീതിയില്‍ കടലില്‍ എണ്ണ ചേര്‍ച്ചയ്ക്ക് കപ്പല്‍ തകര്‍ന്നാല്‍ സാധ്യതയുണ്ടാകുമെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് കപ്പലില്‍ നിന്ന് ഓയില്‍ പകര്‍ത്തി മാറ്റിയത്.

വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാനായി എന്നാണ് നടപടിയെ യു എന്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ ഓയില്‍ വില്‍പനയെ നടപടി എങ്ങനെ ബാധിക്കുമെന്നതാണ് ഇനിയുള്ള ആശങ്ക. ഒഴുകി നടന്ന ടൈം ബോബിനെ നിര്‍വീര്യമാക്കി എന്നാണ് ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നാലെനാ ബേര്‍ബോക്ക് അന്താരാഷ്ട്ര സമൂഹത്തോട് നടപടിയെ കുറിച്ച് വിശദമാക്കിയത്. 120 മില്യണ്‍ ഡോളറാണ് ഷിപ്പിലെ ഓയില്‍ മറ്റൊരു ടാങ്കര്‍ ഷിപ്പിലേക്ക് മാറ്റാനായി യു എന്‍ സമാഹരിച്ചിരുന്നത്. 18 ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലില്‍ നിന്ന് എണ്ണ ഒഴിവാക്കാനായത്. 1976ലാണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്.

1989ല്‍ വലിയ ഓയില്‍ ചോര്‍ച്ച ഉണ്ടായ കപ്പലിനേക്കാളും അധികം ഓയില്‍ ഈ കപ്പലിലുണ്ടായിരുന്നു. യെമനിലെ ഹൂത്തി വിഭാഗത്തിന്‍റെ അധികാര പരിധിയിലുള്ള റാസ് ഇസ ഓയില്‍ ടെര്‍മിനലിന് സമീപത്തായിരുന്നു കപ്പല്‍ നങ്കുരമിട്ടിരുന്നത്. കപ്പലിലെ ഓയിലിനെ ചൊല്ലിയുള്ള അവകാശ തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഓയില്‍ വില്‍പനയ്ക്ക് ശേഷമുള്ള പണം എങ്ങനെ വീതം വയ്ക്കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല.