ഇന്ത്യയിൽ നിന്നും ഒരേയൊരു നഗരസഭ; ലോകത്തെ 5 മികച്ച നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരം

single-img
31 October 2024

സുസ്ഥിര നഗരവികസനത്തിനായുള്ള യുഎൻ ഹാബിറ്റാറ്റ്-ഷാങ്ഹായ് പുരസ്ക്കാരം തിരുവനന്തപുരം കോർപ്പറേഷന്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട്‌ സിറ്റി സിഇഒ രാഹുൽ ശർമയും ഈജിപ്തിലെ അലക്സാൻഡ്രിയയിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങും.

ലോകത്തിലെ അഞ്ച് നഗരങ്ങളാണ് സുസ്ഥിര നഗര വികസനത്തിനുള്ള ഈ അന്താരാഷ്‌ട്ര പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്നും തിരുവനന്തപുരം നഗരസഭ മാത്രമാണ് ഈ പുരസ്ക്കാരത്തിന് അർഹമായതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

2023 ൽ ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയിൻ ഉൾപ്പെടെയുള്ള 5 പ്രമുഖ നഗരങ്ങൾക്ക് ലഭിച്ച അവാർഡാണിത്. തിരുവനന്തപുരത്തിന് പ്രധാനമന്ത്രി സ്വാനിധി അവാർഡ് ഉൾപ്പെടെ 16 ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, ഇടതുപക്ഷ വിരുദ്ധതയുടെ മായക്കാഴ്ച സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും അസത്യങ്ങളുടെ ബോംബ് വർഷമാണ് നടക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

നുണ പറയുന്നവർ ഒരു കാലത്ത് തുറന്ന് കാണിയക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. “പാലക്കാടിന്റെ സ്പന്ദനം അറിയുന്ന ചിഹ്നമാണ് സരിന് കിട്ടിയത്. പാലക്കാട് നടക്കുന്നത് യുഡിഎഫ്-ബിജെപി പോരാട്ടമാണെന്ന് കെ.സി. വേണു ഗോപാൽ പറഞ്ഞത് ബിജെപിയെ സഹായിക്കാനാണ്. രാജസ്ഥാൻ-ഹരിയാന അജണ്ട ഇവിടെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. സുരേന്ദ്രനും വേണു ഗോപാലും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ദൗത്യവുമായാണ് വേണു ഗോപാൽ പാലക്കാടെത്തിയത്. സുരേഷ് ഗോപിയോട് മാന്യമായ ഭാഷയിൽ മറുപടി പറഞ്ഞിട്ടുണ്ട്. സതീശൻ്റെ ഭാഷയിൽ മറുപടി പറയാനില്ല,” എം.ബി. രാജേഷ് പറഞ്ഞു.