സഭാ ടിവി; പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരും: വിഡി സതീശൻ
സംസ്ഥാന നിയമസഭയുടെഉള്ളിലെ പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി.
സഭ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളുടെ രാജി വാര്‍ത്തക്ക് പിന്നാലെ പുതിയ അംഗങ്ങളെ സഭാ ടിവിയുടെ എഡിറ്റോറിയൽ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. അതേസമയം, നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ രണ്ട് തവണയാണ് വി ഡി സതീശൻ സ്പീക്കര്‍ക്ക് രേഖാ മൂലം പരാതി നൽകിയത്.
പരാതികൾക്ക് ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും കാണിക്കുന്നത് മന്ത്രിമാരുടെ മുഖമാണ്. സഭക്ക് അകത്തെ പ്രതിഷേധം പുറം ലോകത്തെ കാണിക്കാൻ തയ്യാറാകാത്ത നടപടിയിൽ പ്രതിഷേധിച്ച് നാല് യുഡിഎഫ് എംഎൽഎമാര്‍ സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്.