മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനം ധൂർത്തെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനം ധൂർത്തെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്. ചെലവ് ചുരുക്കാൻ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ്. 5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂർ പറക്കാൻ 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ കൊണ്ടുവരുന്നത്.
പാവപ്പെട്ടവർക്ക് ഓണകിറ്റ് നൽകുന്നതിനെ ചിലർ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞത് ജാള്യത മറയ്ക്കാനാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിൽ കോട്ടയം ജില്ലയിൽ കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മുഖ്യ തെരത്തെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നൽകിയത്. 87 ലക്ഷം പേർക്ക് ഓണകിറ്റ് നൽകുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂർണമായി നൽകാനുമായില്ല. 3400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സർക്കാർ നൽകാനുണ്ട്. ആരോപണങ്ങൾക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാർത്ഥത്തിൽ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.