നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

single-img
6 December 2022

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തും.കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹവും ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധവും തുടരുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താന്‍ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയര്‍ മൊഴി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന സമരം തണുപ്പിക്കാന്‍ തദ്ദേശമന്ത്രി എം.ബി. രാജേഷും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വിളിച്ച കക്ഷിനേതാക്കളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. യു.ഡി.എഫ്, ബി.ജെ.പി നേതാക്കളുമായി തിങ്കളാഴ്ച വൈകുന്നേരമാണ് മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തിയത്. മേയര്‍ ആര്യ രാജേന്ദ്രന്‍റെയും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനിലിന്‍റെയും രാജിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്നാണ് നേതാക്കള്‍ അറിയിച്ചത്.

കത്തിന്റെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്‌ നടത്തുന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണം അട്ടിമറിക്കുകയാണെന്ന്‌ യോഗത്തില്‍ യു.ഡി.എഫ്‌ ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മേയറെ മാറ്റിനിര്‍ത്തണം. തന്റെ പേരില്‍ കത്ത് തയാറാക്കിയെന്നും നശിപ്പിച്ചെന്നും സമ്മതിച്ച അനിലിന്റെ പേരില്‍ കേസെടുക്കണം. കോര്‍പറേഷനില്‍നിന്ന് വിരമിച്ചവര്‍ക്ക് തുടര്‍നിയമനം നല്‍കിയത്‌ റദ്ദാക്കണം. പാര്‍ട്ടി നല്‍കിയ പട്ടികപ്രകാരം നിയമിക്കപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ട്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നും യു.ഡി.എഫ്‌ ആവശ്യപ്പെട്ടു.

കോര്‍പറേഷനിലെ കത്ത് വിവാദം, അഴിമതി എന്നിവയെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സമരത്തിന്റെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മേയറുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും പരിഗണിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് സമരത്തില്‍നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കക്ഷിനേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച്‌ അടുത്തദിവസം മറുപടി നല്‍കാമെന്നും മന്ത്രിമാര്‍ അറിയിച്ചു. ചര്‍ച്ച പൊളിഞ്ഞതിനാല്‍ കോര്‍പറേഷന് മുന്നില്‍ യു.ഡി.എഫും ബി.ജെ.പിയും നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് ഇരുകക്ഷി നേതാക്കളും അറിയിച്ചു.