ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ല;ചാന്‍സലര്‍ ആരാകണം എന്ന് പറയുന്നില്ല. യൂണിവേഴ്സിറ്റി ചാന്‍സലര്‍ എങ്ങനെയാകണം എന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്; മന്ത്രി പി രാജീവ്


കൊച്ചി: ഭരണഘടനാ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായി മന്ത്രി പി രാജീവ്.
ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരണം. ഇനിയും മാറ്റങ്ങള്‍ വരാനുണ്ട്. യുജിസി നിയമത്തില്‍ ചാന്‍സലര്‍ ആരാകണം എന്ന് പറയുന്നില്ല. യൂണിവേഴ്സിറ്റി ചാന്‍സലര്‍ എങ്ങനെയാകണം എന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണത്തോടും പി രാജീവ് പ്രതികരിച്ചു. നടപടിക്രമം അനുസരിച്ച് അറിയിക്കേണ്ടതില്ല. പുതിയ ചാന്‍സലര്‍ ഉടന്‍ വരുമെന്നും രാജീവ് പറഞ്ഞു.
കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് നിയമപരം ആണോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ല. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ട്. മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും ആയിരുന്നു ഗവര്‍ണറുടെ പ്രതികരണം. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍.
തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്‍റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ഇന്നലെ രാത്രി ദില്ലിയില്‍ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.