പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാള്‍ പിടിയിൽ


തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാള്‍ പിടിയിൽ. ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം ഇന്നലെയാണ് തകര്‍ക്കപ്പെട്ടത്. സി ഐ ടി യു (ഓട്ടോ തൊഴിലാളി ) പൊൻവിള ബ്രാഞ്ച് അംഗമാണ് ഷൈജു. ഡി വൈ എഫ് ഐ പ്രവർത്തകരാണ് സ്തൂപം അടിച്ചു തകർത്തതാണെന്നാരോപിച്ച് പ്രദേശത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.
സമീപത്തായി നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ച് കൂടിയിട്ടത് ഇന്നലെ സംഘര്‍ഷ സാധ്യതയും ഉണ്ടാക്കിയിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി ചര്‍ച്ചയായിട്ടുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. സഹതാപമുണ്ടാക്കാൻ കോണ്‍ഗ്രസിന്‍റെ നാടകമാണ് ഇതെന്നുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇടത് അനുകൂല പ്രൊഫൈലുകള്‍ ഉയര്‍ത്തിയത്.