കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ; ചേലക്കരയിൽ എൽ ഡി എഫ് മുന്നേറ്റം
ചേലക്കരയുടെ എൽ ഡി എഫ് മുന്നേറ്റത്തിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച് എൽ ഡി എഫ് സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ’എന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.
ഉപ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ചേലക്കരയിൽ 9000 വോട്ടിനു മുന്നിലാണ് യു ആർ പ്രദീപിന് ലഭിച്ചിരിക്കുന്നത്.കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ ലീഡ് കാണിക്കുന്നത്.
ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.