വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

single-img
21 June 2023

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. 

അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിൽ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണം. അന്വേഷണം പൂർത്തിയായാൽ ഉടൻ യുജിസിക്ക് റിപ്പോർട്ട് നൽകുമെന്നും കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സിപിഎമ്മും കുരുക്കിൽ. പാർട്ടി നേതാവിന്‍റെ ഇടപെടൽ കാരണമാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സിപിഎമ്മും വെട്ടിലായത്. പ്രവേശന സമയപരിധി കേരള സർവകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെയും തുടർന്നാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് മുൻ പ്രിൻസിപ്പൽ വെളിപ്പെടുത്തിയതോടെ ഉന്നത ഇടപെടൽ നടന്നെന്ന സംശയം കൂടുതൽ ബലപ്പെട്ടു. 

നേതാവിന്‍റെ പേര് പറഞ്ഞില്ലെങ്കിലും സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് എംഎസ്എം കോളേജ് മാനേജറുടെ പ്രതികരണം. നിഖിലിൻ്റെ പ്രവേശനത്തിന് കായംകുളത്തെ സിപിഎമ്മിലെ പ്രമുഖ നേതാവ് ഇടപെട്ടെന്ന ആക്ഷേപം തുടക്കം മുതൽ സജീവമാണ്. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാനാണ് പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയർത്തിയിരുന്നു. അതേസമയം, ബാബുജാനാണോ ശുപാർശ ചെയ്തതെന്ന ചോദ്യത്തിൽ നിന്നും മാനേജർ ഒഴിഞ്ഞുമാറി. നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ച് വെട്ടിലായ എസ്എഫ്ഐയുടെ നീക്കത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. എന്നാൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുള്ള നിഖിലിനായി ശുപാർശ ചെയ്തതത് പാർട്ടി നേതാവാണെന്ന തുറന്ന് പറച്ചിലിൽ പാർട്ടി കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.