മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച രാഷ്ട്രീയ നേതാവിനെതിരെ പൊലീസ് കേസെടുത്തു

single-img
30 June 2023

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച രാഷ്ട്രീയ നേതാവിനെതിരെ പൊലീസ് കേസെടുത്തു.

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതോടെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാൻ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.

ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവര്‍ത്തക നിസാര്‍ മേത്തറിനെ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച്‌ തുടങ്ങിയത്. മാധ്യമപ്രവര്‍ത്തക താക്കീത് നല്‍കിയെങ്കിലും നിസാര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തക പൊലീസിസില്‍ പരാതി നല്‍കിയത്. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിസാര്‍ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.

സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മഅദനി കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. അതേസമയം കേരളത്തിലെത്തിയ അബ്ദുള്‍ നാസര്‍ മഅദനി കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അൻവാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയില്‍ വെച്ച്‌ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.