മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും

single-img
24 May 2023

ബാലരാമപുരം മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും.

മതപഠനശാലക്കെതിരായ നടപടിയില്‍ ഈയാഴ്ച തീരുമാനമെടുക്കും. സ്ഥാപനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടുളള അന്വേഷണം സബ് കളക്ടറാണ് നടത്തുന്നത്.

ബീമാപ്പള്ളി സ്വദേശിയായ അസ്മീയയുടെ മരണത്തിന് പിന്നാലെ അസ്മീയ പഠിച്ചിരുന്ന ബാലരാമപുരത്തെ അല്‍ അമൻ എഡ്യൂക്കേഷൻ കോംപ്ലക്സ് എന്ന മതപഠനശാലയ്ക്കെതിരെ ഗുരുതര ആരോപണമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചാണ് പൊലീസ് അന്വേഷണം. ആത്മഹത്യാ പ്രേരണ ചുമത്തുന്നതടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടെ ഒരു സാഹചര്യവും ഇല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ നിഗമനത്തിലെത്തുമെന്നാണ് പ്രത്യേക സംഘം വ്യക്തമാക്കുന്നത്.

അതേസമയം, സ്ഥാപനം നടത്തിപ്പിന് അനുമതിയോ, ഹോസ്റ്റല്‍ ലൈസൻസോ ഇല്ലെന്ന് പൊലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിന് അന്വേഷണ ചുമതല നല്‍കിയത്. സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സബ് കളക്ടര്‍ പരിശോധിക്കും. അസ്മീയയുടെ ബന്ധുക്കളില്‍ നിന്നും, മതപഠനശാല അധികൃതരില്‍ നിന്നും വിശദ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. കഴിഞ്ഞ 13 നാണ് മതപഠനശാലയില്‍ അസ്മീയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.