വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും


മാനന്തവാടി: വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.
ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം പ്രഖ്യാപിക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. മാനന്തവാടി താലൂക്കിൽ ഇന്ന് നിച്ഛയിച്ചിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവച്ചു.
ഒരു നാടിനെയാകെ വേദനയിലാക്കി, ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ജീപ്പിൽ 14 പേരായിരുന്നു ഉണ്ടായിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞപ്പോൾ പലർക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. പാറയും വെള്ളവുമുള്ളിടത്തെ അപകടം രക്ഷപ്രവർത്തനത്തെയും ബാധിച്ചു.